മുണ്ടൂരിലേക്ക് തിരിയുന്ന വണ്ടികൾ

“മൂന്ന് വർഷങ്ങൾ മുമ്പാണ് ഞങ്ങൾ കൂൺകൃഷി തുടങ്ങിയത്. എൻ്റെ ഒരു സുഹൃത്ത് ഒരിക്കൽ പാലക്കാട് പോയി വന്നപ്പോൾ ഒരു പാക്കറ്റ് കൂൺ തന്നു. അതിൻ്റെ രുചിയും ഗുണവും അറിഞ്ഞപ്പോൾ ഇതെങ്ങനെ ഉണ്ടാക്കാമെന്ന ആലോചനയാണ് മുണ്ടൂരിലെ ഐ.ആർ.ടി.സി.യിൽ എത്തിച്ചത്. ഐ.ആർ.ടി.സി മഷ്റൂം യൂണിറ്റിൻ്റെ ചുമതലയുള്ള സൂര്യയാണ് പ്രാഥമിക കാര്യങ്ങളൊക്കെ പറഞ്ഞു തന്നത്. അങ്ങനെ ആദ്യം 5 പാക്കറ്റുകൾ വാങ്ങി വീട്ടിൽ പരീക്ഷിച്ചു നോക്കി. അന്ന് മോശമല്ലാത്ത വിളവ് കിട്ടി. പിന്നീട് ഐ.ആർ.ടി.സിയിൽ തന്നെ കൂൺകൃഷി പരിശീലനത്തിൽ പങ്കെടുത്ത് വീട്ടിൽ ഉൽപാദനം വിപുലീകരിച്ചു. വീടിനോട് ചേർന്ന സ്ഥലത്താണ് ഞങ്ങൾ മത്സ്യകൃഷി കോഴി വളർത്തൽ പച്ചക്കറി കൃഷി എന്നിവയ്‌ക്കൊപ്പം കൂൺകൃഷിയും തുടങ്ങിയത്. നല്ല ഉദ്പാദനവും ലാഭവുമുണ്ട്. ഇപ്പോഴും കൂൺവിത്ത് വാങ്ങുന്നത് lRTC യിൽ നിന്നാണ്. നരിക്കുനിയിൽ നിന്ന് മുണ്ടൂരിലേക്ക് മൂന്ന് മണിക്കൂറിലധികം യാത്രയുണ്ട്. എന്നാലും വരാതെ പറ്റില്ല. വിശ്വാസ്യതയുള്ള വിത്ത് കിട്ടുന്ന സ്ഥലങ്ങൾ കേരളത്തിൽ വളരെ കുറച്ചെയുള്ളൂ”, കോഴിക്കോട് നരിക്കുനിയിൽ നിന്ന് തിലകനും ഷൈനിയും പറയുന്നു.

” ചെറുപ്പം മുതൽ തന്നെ ഞാൻ കൂൺകൃഷിയെപ്പറ്റി അറിഞ്ഞിരുന്നു. പക്ഷെ ജോലി ഉപേക്ഷിച്ച് 2012 ലാണ് ഗൗരവമായി കൂൺകൃഷിയിലേക്ക് കടക്കുന്നത്. പലയിടത്തു നിന്നും കൂൺ വിത്ത് വാങ്ങി നോക്കി, പറ്റിക്കപ്പെട്ടിട്ടുണ്ട്. ഐ.ആർ.ടി.സിയിൽ നിന്ന് വാങ്ങാൻ തുടങ്ങിയ ശേഷം പ്രശ്നമൊന്നുമില്ല. കഴിഞ്ഞ ആറ് വർഷമായി ഇവിടെ നിന്ന് തന്നെയാണ് കൂൺ വിത്തുകൾ വാങ്ങുന്നത് “, തൃശൂർ മുള്ളൂർക്കരയിൽ നിന്ന് ബിന്ദു സാക്ഷ്യപ്പെടുത്തുന്നു.

താമരശ്ശേരി, കോഴിക്കോട് തുടങ്ങി തൃശൂരുനിന്നും പിന്നെ ഒരുപാട് ഗ്രാമങ്ങളിൽ നിന്നും കൂൺ വിത്ത് വാങ്ങാൻ മുണ്ടൂരിലേക്ക് എത്തുന്നവരുണ്ട്. ബിന്ദു ചേച്ചിയേയും ഷൈനി ചേച്ചിയേയും പോലെ വിശ്വാസ്യതയാണ് അവരെ മുണ്ടൂരിലെത്തിക്കുന്നത്.

മുണ്ടൂരിലെ ഇൻറഗ്രേറ്റണ്ട് റൂറൽ ടെക്നോളജി സെൻ്ററിൽ കൂൺ വിത്ത് ഉൽപാദനവും, കൂൺ കൃഷിയും വിപണനവും ആരംഭിച്ചിട്ട് 20 വർഷത്തിലേറെയായി. ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്ക് വലിയ മുതൽ മുടക്കില്ലാതെ ഏറ്റെടുത്ത് ഉപജീവനമാക്കാവുന്ന രീതിയിലാണ് IRTC കൂൺ കൃഷി പരിശീലിപ്പിക്കുന്നത്. ആയിരത്തോളം ആളുകൾക്ക് കൂൺകൃഷി പരിശീലനവും തുടർ നിർദ്ദേശങ്ങളുമടക്കം ഈ മേഖലയിൽ തുടർച്ചയായി ഇടപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിറ്റ് തന്നെ ഐ.ആർ.ടി.സിയിൽ ഉണ്ട്.

കൂൺ വിത്ത് വിപണന രംഗത്ത് നിലനിൽക്കുന്ന പറ്റിപ്പുകൾ ഏറെയാണ്. ഗുണനിലവാരമുള്ള വിത്ത് ഉപയോഗിച്ചാലേ, നല്ല ഉത്പാദനം ഉണ്ടാവുകയുള്ളൂ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ.ആർ.ടി.സിയിൽ 1997 ലാണ് കൂൺ കൃഷിയും കൂൺവിത്തുൽപാദനവും ആരംഭിച്ചത്. വളരെ ശ്രദ്ധയോടെ ലാബുകളിൽ വച്ചാണ് കൂൺ വിത്ത് ഉണ്ടാക്കുന്നത്. വിത്തിന്റെ ഗുണം ഉൽപാദനത്തെ ബാധിക്കും. ഗുണമേന്മയുള്ള വിത്തല്ലെങ്കിൽ വിളവ് കുറയുക മാത്രമല്ല, കേടായി പോകാനും സാധ്യതയുണ്ട്. പോരാത്തതിന് തട്ടിപ്പുകളും ഏറെയുണ്ട്. ഐ.ആർ.ടി.സിയിൽ ഒരു പാക്കറ്റ് വിത്തിന് 50 രൂപയാണ് വില. പൂർണ്ണമായും വിശ്വസിക്കാം.

– ആർദ്ര കെ. എസ്