വരുമാനത്തോടൊപ്പം സന്തോഷം

ഭവാനിയമ്മയ്ക്ക് മക്കളേക്കാളേറെ ഇഷ്ടം കൂൺകൃഷിയോടാണെന്ന് പറയാൻ യാതൊരു മടിയുമില്ല. 2015ൽ തുടങ്ങിയ ആദ്യത്തെ കൃഷി പരീക്ഷണം മുതൽ 2020ൽ എത്തി നിൽക്കുമ്പോൾ പ്രായത്തിൻ്റെ ക്ഷീണമൊക്കെ മാറ്റിവച്ചും കൂൺകൃഷി രംഗത്ത് സജീവമായി നിൽക്കാൻ പ്രേരിപ്പിക്കുന്നതിൻ്റെ രഹസ്യവുമതാണ്. ജീവിതത്തിൽ ഇഷ്ടമുള്ള മേഖല കണ്ടു പിടിച്ച് അത് ആത്മാർത്ഥതയോടെ ചെയ്ത് ജീവിക്കുന്നതിൻ്റെ സന്തോഷമാണ് ഭവാനിയമ്മയ്ക്ക് പറയാനുള്ളത്.

മലപ്പുറം – പാലക്കാട് അതിർത്തിയിലെ എടക്കരയിലാണ് ഭവാനിയമ്മയുടെ ഗോണോഡർമയെന്ന് പേരിട്ട കൂൺകൃഷി യൂണിറ്റ് പ്രവർത്തിക്കുന്നത്. എടക്കര കൃഷിഭവനിൽ സ്വീപ്പറായി ജോലി ചെയ്യുമ്പോൾ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ വച്ച് നടന്ന കൂൺകൃഷി പരിശീലത്തിൽ പങ്കെടുത്തതായിരുന്നു തുടക്കം. അങ്ങനെ അവിടെ നിന്ന് കിട്ടിയ ഒരു പാക്കറ്റ് കൂൺ വിത്തുമായി വീട്ടിലെത്തി. പരിശീലത്തിൽ പഠിപ്പിച്ചതു പോലെ വൈക്കോലും ഓട്ടക്കുത്തിയ കവറുമൊക്കെ വച്ച് വിത്തിട്ട് ശരിയാക്കി. ആദ്യത്തെ 15 ദിവസം വെളിച്ചം കുറഞ്ഞ വായു സഞ്ചാരമുള്ള ഇരുട്ടുമുറിയിൽ വയ്ക്കുകയാണ് വേണ്ടത്. വീട്ടിലെ സൗകര്യ കുറവ് കാരണം വീടിൻ്റെ പിന്നാമ്പുറത്തുള്ള വിറകു പുരയായിരുന്നു ആദ്യത്തെ ഡാർക്ക് റൂം. ആദ്യ കുറച്ചു ദിവസം നനച്ചു കൊടുത്തുവെങ്കിലും പിന്നെ സംഗതിയങ്ങ് മറന്നു പോയി. കുറച്ച് ദിവസം കഴിഞ്ഞ് മണം പിടിച്ച് പിന്നാമ്പുറത്തെത്തിയപ്പോൾ കണ്ടത് നല്ല വെളുത്ത നിറത്തിൽ പൂവു പോലെ വിരിഞ്ഞ് നിൽക്കുന്ന കൂണുകളായിരുന്നു. നാല് വീട്ടുക്കാർക്ക് അന്നത്തെ ഭക്ഷണം കൂൺ കറി. വിറകുപുരയിൽ വിരിഞ്ഞ് നിന്ന കൂൺ കണ്ടപ്പോൾ തന്നെ കൂൺകൃഷി ഗൗരവമായി ഏറ്റെടുക്കാൻ ഉറപ്പിച്ചുവെന്ന് ഭവാനിയമ്മ സന്തോഷത്തോടെ പറയുന്നു.

2014ൽ നിലമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ പ്രചോദനത്തോടെ വലിയൊരു യൂണിറ്റ് തുടങ്ങാൻ തീരുമാനിച്ചു. അയൽക്കൂട്ടങ്ങൾ ചേർന്ന് രണ്ടര ലക്ഷം രൂപ ലോണുമെടുത്ത് 500 ബെഡ്ഡുകൾ വയ്ക്കാനുള്ള ഷെഡഡ് പണിതു. അഞ്ച് പേരടങ്ങുന്ന അയൽക്കൂട്ട സ്ത്രീക്കൂട്ടായ്മയായിരുന്നു ആദ്യം.

ഉദ്പാദനം ശരിയായി നടക്കാൻ നല്ല വിത്തുകൾ തന്നെ ഉപയോഗിക്കേണ്ടതുണ്ട്. വിശ്വാസയോഗ്യമായ വിത്തുകൾക്കു വേണ്ടിയുള്ള അന്വേഷണമാണ് ഭവാനിയമ്മയെ മുണ്ടൂരിലെ IRTC യിൽ എത്തിച്ചത്. 2017 മുതൽ കൂൺ വിത്തുകൾക്കു വേണ്ടി നിലമ്പൂരിൽ നിന്ന് മുണ്ടൂരിലേക്ക് ബസ്സ് കയറാൻ തുടങ്ങിയിട്ട് മൂന്ന് വർഷം കഴിയുന്നു. 2018ൽ കേരളത്ത നടുക്കിയ പ്രളയം വരെ കൃഷി ലാഭകരമായിരുന്നു.

പ്രളയവും കനത്ത നഷ്ടം വിതച്ച മഴയും കൂൺകൃഷിയെയും തകർത്തുവെങ്കിലും നഷ്ടം വീട്ടി കൂൺ കൃഷി തുടരുകയായിരുന്നു ഭവാനിയമ്മ. തുടങ്ങുമ്പോൾ കൂടെ കൂടിയ അഞ്ച് സ്ത്രീകളിൽ നാല് പേരും പാതിവഴിയിൽ ഉപേക്ഷിച്ചിട്ടും അറുപത്തൊന്ന് വയസ്സിൻ്റെ ക്ഷീണത്തെ വെല്ലാതെ കൃഷിഭവനിലെ ദിവസ വേതന ജോലിയോടൊപ്പം കൂൺകൃഷിയും കൊണ്ടുപോകുന്നുണ്ട്.
പ്രളയത്തിനു ശേഷം വീടിനോട് ചേർത്തുണ്ടാക്കിയ 200 ബെഡ്ഡുകൾ വയ്ക്കാവുന്ന പുതിയ ഷെഡ്ഡിൽ IRTC യിൽ നിന്ന് കൂൺവിത്ത് കൊണ്ടുവന്ന് കൃഷി നടത്തുന്നു.

വളരെ ശ്രദ്ധയോടെ ചെയ്യുകയാണെങ്കിൽ ഇടയ്ക്കൊക്കെ ശ്രദ്ധക്കുറവുക്കൊണ്ട് പറ്റുന്ന നഷ്ടമൊഴിച്ചാൽ കൂൺ, ലാഭം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന് ഭവാനിയമ്മ പറയുന്നു. ലോൺ തുക കുടിശ്ശികയായി വീട്ടി. ആദ്യമൊക്കെ ചെറിയ കൈയബദ്ധവും ശ്രദ്ധക്കുറവും ഒക്കെ ഉണ്ടായിയെങ്കിലും മെല്ലെ കൂണിനു വേണ്ട ചിട്ടയൊക്കെ മനസ്സിലാക്കി. ക്ഷമയും ശ്രദ്ധയുമാണ് കൂൺകൃഷിയുടെ അടിസ്ഥാനമെന്ന് ഭവാനിയമ്മ ഉറപ്പിച്ച് പറയുന്നു. താൽപര്യവും കുറച്ച് ഇഷ്ടവുമുണ്ടെങ്കിൽ സ്വന്തമായി വരുമാനമുണ്ടാക്കി ജീവിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് കൂൺകൃഷിയെന്ന് ഭവാനിയമ്മയുടെ അനുഭവം പഠിപ്പിക്കുന്ന പാഠമാണ്.

ആർദ്ര കെ. എസ്

IRTC

IRTC