ചിപ്പി കൂണുകൾ വിരിയുന്ന തോട്ടം

സുനിലിന് കൂൺകൃഷി ഒരു വരുമാനമാർഗം മാത്രമല്ല, പരീക്ഷണശാല കൂടിയാണ്. മണ്ണമ്പറ്റയിലെ ഗ്രീൻ നെറ്റുക്കൊണ്ട് മറച്ച വലിയ ഷെഡിനുള്ളിൽ സുനിൽ ഒരുക്കിയിരിക്കുന്നത് കണ്ടാൽ ആരും കൂൺകൃഷിയെ പറ്റി അന്വേഷിക്കും.

2018 ലാണ് ഗൾഫിൽ AC മെക്കാനിക്കായിരുന്ന സുനിൽ ജോലിയുപേക്ഷിച്ച്‌ നാട്ടിലെത്തിയത്. ഇനിയെന്ത് എന്ന ആലോചനയാണ് കൂൺകൃഷിയിലേക്ക് എത്തിച്ചത്. അങ്ങനെയാണ് 2018 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷതിൻ്റെ ഗവേഷണ സ്ഥാപനമായ IRTC യിലെ കൂൺകൃഷി പരീശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. രണ്ട് ദിവസം നീണ്ടുനിന്ന പരിശീലത്തിന് ശേഷം വീട്ടിൽ സ്വന്തമായി കൃഷി ആരംഭിക്കാനുള്ള ശ്രമം തുടങ്ങി. ചെലവ് കുറഞ്ഞതും അതേ സമയം ഒറ്റയ്ക്കോ കുടുംബത്തോടൊപ്പമോ ചെയ്യാൻ കഴിയുമെന്ന ബോധ്യമായിരുന്നു കൂണിനെ തന്നെ കൂട്ടുപിടിക്കാൻ ഊർജമായതെന്ന് സുനിൽ പറയുന്നു.

കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ ചിപ്പിക്കുണുകളാണ് ആദ്യമായി പരീക്ഷിച്ചത്. വിശ്വാസ്യയോഗ്യമായ കൂൺ വിത്ത് , ഉണങ്കിയ വൈക്കോൽ, പോളിത്തീൻ കവർ – ഇത്രയേ ആവശ്യമുള്ളു. ദ്വാരമുണ്ടാക്കിയ കവറിൽ നീരാവി കയറ്റി അണുനശീകരണം നടത്തിയ വൈക്കോലും വിത്തും ഇടവിട്ട് നിറച്ചാണ് ബെഡ്ഡ് തയ്യാറാക്കുക. ഈ ബഡ്ഡുകൾ രണ്ടാഴ്ച സമയം വെളിച്ചം കടക്കാത്തതും നല്ല വായുസഞ്ചാരം ഈർപ്പവുമുള്ള മുറിയിൽ വേണം സൂക്ഷിക്കാൻ. വൈക്കോൽ മുഴുവൻ വെളുത്ത പൂപ്പൽ കൊണ്ട് മൂടി കഴിഞ്ഞാൽ
ബെഡ്ഡുകൾ ആവശ്യത്തിന് വായുസഞ്ചാരമുള്ള സ്ഥലത്തേക്ക് മാറ്റണം. കവറിലെ സുഷിരങ്ങളിലൂടെ കൂൺ മൊട്ടുകൾ ഉണ്ടായി തുടങ്ങും.

ഇത്രയേയുള്ളൂ എന്ന് തോന്നുമെങ്കിലും ഒരു പരീക്ഷണശാലയിലേതു പോലെ ശ്രദ്ധയും വൃത്തിയും ആവശ്യമുള്ളതാണ് കൂൺകൃഷിയുടെ ഓരോ ഘട്ടവും.

2018ൽ ആദ്യ പരീക്ഷണം തുടങ്ങിയത് വീടിനോട് ചേർന്ന ഉപയോഗമില്ലാതെ കിടക്കുന്ന തൊഴുത്തിലായിരുന്നു. 15 x 10 അടി വിസ്തീർണമുള്ള തൊഴുത്തിനു ചുറ്റും ചൂട് നിയന്ത്രിക്കാനായി അഗ്രോ ഷേഡ് നെറ്റ് കെട്ടി. ചൂട് കുറയ്ക്കാൻ ചെറിയൊരു കൂളറും 3 ഫോഗറും ഉണ്ടാക്കാൻ AC മെക്കാനിക്കായിരുന്ന സുനിലിന് വലിയ ബുദ്ധിമുട്ടുണ്ടായില്ല.

ചിലവുകളൊക്കെ 8000 രൂപയിൽ ഒതുങ്ങി. IRTC യിൽ നിന്ന് വിത്തുകൾ കൊണ്ടുവന്ന് ആദ്യ ശ്രമം പരീക്ഷിക്കുമ്പോൾ
ദിവസത്തിൽ 150 ഗ്രാം വരുന്ന 9 മുതൽ 10 പാക്കറ്റുകൾ വരെ
കിട്ടിയിരുന്നുവെന്ന് സുനിൽ ഓർക്കുന്നു.

ലാഭമാണ്, പക്ഷെ ആരംഭകാലത്ത് മാർക്കറ്റ് പിടിക്കണമെങ്കിൽ ആൾക്കാരുടെ അന്ധവിശ്വാസത്തെ കൂടി തകർക്കണമായിരുന്നു എന്ന് സുനിൽ ഓർക്കുന്നു. ബട്ടൺ കൂൺ മാത്രം കടകളിൽ കണ്ടവർക്ക് വിരിഞ്ഞ് ചന്തത്തിൽ നിൽക്കുന്ന ചിപ്പി കൂൺ കാണുമ്പോൾ ഇടിവെട്ടി തൊടിയിൽ മുളച്ച് പൊന്തിയ കൂൺ ഓർമ വരാൻ തുടങ്ങി. അത് വിരിഞ്ഞാൽ തിന്നാൻ പാടില്ലെന്ന് പണ്ടാരാണ്ടോ പറഞ്ഞിട്ടുണ്ടെന്ന്! ഇത്തരം പേടികൾ മാറാൻ കുറച്ച് മാസങ്ങൾ എടുത്തുവെങ്കിലും ആവശ്യക്കാർ ഉണ്ടായി തുടങ്ങിയപ്പോൾ കൂൺ മതിയാകാതെ വന്നു. അങ്ങനെ 2020ൽ കൊറോണ കാലത്തിന് മുൻപാണ് കൂണിൻ്റെ വിപണന സാധ്യത തിരിച്ചറിഞ്ഞ് കൂടുതൽ ഉദ്പാദനം ആരംഭിച്ചത്.

വീടിനോട് ചേർന്ന് മരങ്ങളുടെ തണുപ്പുള്ള സ്ഥലം നോക്കി കിഴക്ക് – പടിഞ്ഞാട് ദിശയിൽ 44 x 22 അടി വിസ്തീർണ്ണമുള്ള ചൂടും വെളിച്ചവും നിയന്ത്രിക്കുന്ന പുതിയ ഷെഡ്ഡുണ്ടാക്കി. അതിനോട് ചേർന്ന് തന്നെ കൂൺ വിത്ത് പാകമാവുന്നതു വരെ സൂക്ഷിക്കാൻ വേണ്ടി വെളിച്ചം തീരെ കുറഞ്ഞ ഡാർക്ക് റൂമും ഉണ്ടാക്കി.

– ആർദ്ര കെ. എസ്

IRTC

IRTC