രാധചേച്ചിയുടെ കൂൺകൃഷി പാഠങ്ങൾ

നാട്ടിൻപുറത്തുക്കാർക്ക് കൂൺ ഒരു കിട്ടാക്കനിയാണ്. ഇടവപ്പാതിയിൽ ഇടിവെട്ടി മഴ പെയ്താൽ പിറ്റേന്ന് രാവിലെ വെള്ളമൊഴുകുന്ന ചാലിലോ, മരച്ചോട്ടിലോ മുളച്ച് വല്ലപ്പോഴും കിട്ടിയാലാവുന്ന ഒന്നാണ്. പാലക്കാട്ടെ ഓങ്ങല്ലുർ പഞ്ചായത്തിലെ  വാടാനംകുറുശ്ശിയിൽ 23 വർഷങ്ങൾക്ക് മുമ്പ് കൂൺകൃഷി ചെയ്യാൻ തുടങ്ങിയവരാണ് രാധയും പൊന്നനും.  പുലാമന്തോളിലെ തറവാട്ടിൽ പൊന്നൻ്റെ  ജേഷ്ഠനായിരുന്നു കൂൺ കൃഷി ആദ്യം തുടങ്ങിയത്. അത് മുപ്പത് വർഷത്തോളം മുൻപാണ്. കൗതുകത്തിനല്ല, ഉപജീവനത്തിനു വേണ്ടിയായിരുന്നു. അവിടെ നിന്നാണ് രാധ ചേച്ചിയും ഭർത്താവ് പൊന്നനും കൂൺകൃഷിയുടെ ആദ്യ പാഠങ്ങൾ പഠിച്ചത്.

മകൾ ഷൈനിക്ക് 13 വയസ്സുള്ളപ്പോഴാണ് വാടാനാംകുറുശ്ശിയിലെ വീട്ടിൽ കൂൺകൃഷി തുടങ്ങുന്നത്. ഇപ്പോൾ അവൾക്ക് 36 വയസ്സായി, 13 വയസ്സുള്ള മകളുമായി.

രാധ ചേച്ചിയുടെ വീട് തന്നെ ഒരു കിളി കൂടു പോലെ മനോഹരമാണ്. വീടിൻ്റെ മതിലിന് പുറത്തേക്ക് ഏന്തി നിൽക്കുന്ന നീല പൂക്കളും പൂച്ചെടികളുമടക്കം മുറ്റം മുഴുവൻ ഒരിറ്റ് ഭൂമി വെറുതെയിടാതെ നട്ടും നനച്ചും ഓരോന്ന് വളർത്തിയിട്ടുണ്ട്.  കൂൺകൃഷി ചെയ്യുന്നുണ്ടെങ്കിൽ അവിടെ ഏറ്റവും അടിസ്ഥാനപരമായി വേണ്ടത് വൃത്തിയാണെന്ന് രണ്ടു പേരും ഉറപ്പിച്ച് പറഞ്ഞു. വീടും പരിസരവും പ്രാണിയോ ചപ്പു കുപ്പയോ ഒന്നുമില്ലാതെ വൃത്തിയായിരിക്കുന്നു. ഓരോന്നിനും വേണ്ട സ്ഥലം കൃത്യമായി ഭാഗിച്ചു കൊടുത്തിട്ടുണ്ട്.വീടിനോട് ചേർന്ന 17 സെൻ്റ് ഭൂമിയിലാണ് കൂൺകൃഷിക്കു വേണ്ട ഷെഡ്ഡും വൈക്കോലുമെല്ലാം ഒരുക്കിയിരിക്കുന്നത്. വീടിന് തൊട്ട് പിറകിലായി ഓടിട്ട ഷെഡ്ഡിൽ ഇരുന്നൂറോളം ബെഡ്ഡുകൾ വയ്ക്കാനുള്ള സൗകര്യമുണ്ട്. മകരത്തിൽ കൊയ്ത്തു കഴിഞ്ഞാൽ ചെണ്ട വൈക്കോൽ വാങ്ങി  പ്രാണികൾ കയറാത്ത, മഴ നനയാത്ത സ്ഥലത്ത് സൂക്ഷിക്കും. ഒരു വർഷം കൂൺ കൃഷി ചെയ്യാൻ 140 മുതൽ 300 രൂപ വരെ വിലയുള്ള 70 വൈക്കോൽ കെട്ടുകൾ മതിയാകും. ചൂടു കുറഞ്ഞ ഷെഡ്ഡ് കെട്ടുന്ന ചിലവും വിത്തിന്റെ ചിലവും കൂടിയേ ഇനി പറയത്തക്കതുള്ളൂ.

കഴിഞ്ഞ 10 വർഷമായി കൂൺ വിത്ത് വാങ്ങുന്നത് മുണ്ടൂരിലെ ഐ.ആർ.ടി.സിയിൽ നിന്നാണ്. വിത്തിന്റെ ഗുണം വിളവെടുപ്പിനെ ബാധിക്കും. വിശ്വാസ്യതയുള്ള വിത്ത് വാങ്ങാൻ കിട്ടുന്ന ഏറ്റവും അടുത്ത സ്ഥലം IRTC ആണെന്ന് പൊന്നൻ പറയുന്നു. ഇത്രയും കാലമായി വിത്ത് വാങ്ങി കൊണ്ടുവരുന്നതും കൂൺ വിപണനം നടത്തുന്നതും പൊന്നനാണ്. ബാക്കി പണികളെല്ലാം രാധചേച്ചിയാണ് ചെയ്യുന്നത്. 

തൊണ്ണൂറ്റിയേഴിൽ ആദ്യമായി വിളവെടുത്തത് മുതൽ 2020ൽ എത്തി നിൽക്കുമ്പോൾ കൂൺകൃഷിയിൽ രാധ ചേച്ചിയുടേതായ പരീക്ഷണങ്ങളും ഒരു പാടുണ്ട്. പ്രായത്തിൻ്റെ ക്ഷീണതകൾ മറികടക്കാൻ രാധ ചേച്ചിയുടേതായ ഒരു പാട് എളുപ്പമാർഗങ്ങളും കണ്ടു പിടിച്ചിട്ടുണ്ട്.  കൂൺ വിത്ത് വളരാൻ വേണ്ടിയുള്ള വൈക്കോൽ വെള്ളത്തിലിട്ട് വച്ച് എടുക്കുന്നത് ഒരു പ്രധാന പണിയാണ്. വൈക്കോൽ പിഴിഞ്ഞ് കൈ വേദന വന്നപ്പോൾ ഡോക്ടർ കൈയ്യിന് വിശ്രമം വേണമെന്ന് പറഞ്ഞു.  അങ്ങനെയാണ് വൈക്കോൽ പിഴിഞ്ഞെടുക്കാൻ വീട്ടിലെ വാഷിങ് മെഷീൻ ഉപയോഗിച്ച് തുടങ്ങിയത്. മെഷീൻ കേടാകാത്ത രീതിയിൽ വൈക്കോൽ തുണിയിൽ കെട്ടി മെഷീനിൽ ഇട്ട് വെള്ളം വാർത്തും. പിന്നെ പുറത്തെടുത്ത് ആവി കയറ്റും. കാര്യം എളുപ്പമായി. ഇങ്ങനെ ചെലവു കുറഞ്ഞ രീതിയിൽ വീട്ടിലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നു കൊണ്ട് രാധചേച്ചി കീടശല്യം മാറ്റാൻ കണ്ടുപിടിച്ച മാർഗവും രസകരമാണ്. കൂൺ പുറത്തു വരാനായി ബെഡ്ഡിൽ ഉണ്ടാക്കിയിട്ടുള്ള ഓട്ടകൾക്കുള്ളിലൂടെ പ്രാണികൾ കയറി കൂൺ വിത്തുകൾ തിന്ന് നശിപ്പിക്കാറുണ്ട്. ഇത് തടയാനായി ഓട്ടകളിൽ വൃത്തിയുള്ള പഞ്ഞി വയ്ക്കുന്നതും രാധ ചേച്ചി വികസിപ്പിച്ചെടുത്തതാണ്. ഇങ്ങനെ വലിയ മുതൽ മുടക്കില്ലാതെ പല ടെക്കനിക്കുകളും രാധ ചേച്ചിയുടെ വീട്ടിൽ പോയാൽ കാണാം.

രാധയും പൊന്നനും തങ്ങളുടെ വീടിനു മുമ്പിൽ

ഒരു പാട് മൂലധനം വേണ്ടുന്ന ഒന്നല്ല  കൂൺകൃഷി. പക്ഷെ ഒരു പാട് ശ്രദ്ധയും വൃത്തിയും ശാസ്ത്രീയതയും കൂടി ചേരുമ്പോൾ മാത്രമേ അത് വിജയകരമാവുകയുള്ളൂ.

രാധ ചേച്ചിയും ഭർത്താവും കൂൺകൃഷി ചെയ്താണ് തൻ്റെ മൂന്ന് മക്കളെയും വളർത്തിയത്. കടകളിൽ മാത്രമല്ല, ഗുണം കൊണ്ട് തേടി വരുന്നവരും സ്ഥിരമായി വാങ്ങുന്നവരുമൊക്കെയാണ്. 15 പാക്കറ്റ് ദിവസത്തിൽ വിറ്റു പോകാൻ പ്രയാസമില്ലെന്ന് ഇവർ പറയുന്നു. 60 രൂപയാണ് 200 ഗ്രാം പാക്കറ്റിന് വില.  മകനിപ്പോൾ അമേരിക്കയിൽ എഞ്ചിനീയറാണ്. വാടാനാംകുറുശ്ശിയിലെ കൂൺ അമേരിക്കയിലേക്കും കയറിപോവുന്നുണ്ട്. അവിടെയുമുണ്ട് രാധ ചേച്ചിയുടെ കൂണിന് ആരാധകർ.

കോവിഡിനു ശേഷം കടകൾ അടച്ചപ്പോഴും  കൂണിന് ആവശ്യക്കാർ ഉണ്ടായിരുന്നുവെന്ന് പൊന്നൻ പറയുന്നു. വീട്ടിൽ ഇരുന്ന് മെച്ചപ്പെട്ട വരുമാനം ഉറപ്പിക്കാനാഗ്രഹിക്കുന്നവർക്ക് ഒരു പാഠമാണ് രാധ ചേച്ചിയും പൊന്നനും അവരുടെ കൂൺ കൃഷിയും.

– ആർദ്ര കെ. എസ്.