മൺപാത്ര ആഭരണ നിർമ്മാണ ചിത്രകലാ പരിശീലനം

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ (KVIC) ഗ്രാമോദ്യോഗ് വികാസ് യോജന (GVY) പദ്ധതിയുടെ ഭാഗമായി 2026 – 27 സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് പോട്ടറി വീൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരമ്പരാഗത മൺപാത്ര നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്കും പുതുതായി ഈ മേഖലയിൽ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ആധുനിക സാങ്കേതികവിദ്യയിൽ പരിശീലനം നൽകി സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (ഐ.ആർ.ടി.സി), മുണ്ടൂർ, പാലക്കാട് – 678592 ലാണ് പരിശീലനം. 18 മുതൽ 55 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ അപേക്ഷിക്കാം. ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രമാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. എസ്.സി./എസ്.ടി. വിഭാഗക്കാർ, വനിതകൾ, തൊഴിൽരഹിതരായ യുവാക്കൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. ബന്ധപ്പെട്ട മേഖലകളിൽ മുൻപ് പരിശീലനം നേടിയവർക്കും പങ്കെടുക്കാവുന്നതാണ്.

10 ദിവസത്തെ പരിശീലനമാണ് ഉണ്ടാവുക. 20 പേർക്ക് പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഗുണഭോക്താക്കൾക്ക് ഇലക്ട്രിക് പോട്ടറി വീൽ വിതരണം ചെയ്യും.

യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും ആകെ ചെലവിൽ ഗുണഭോക്താക്കളുടെ വിഭാഗമനുസരിച്ച് ഗുണഭോക്തൃ വിഹിതം അടയ്ക്കേണ്ടതുണ്ട്. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 10 ശതമാനവും ജനറൽ വിഭാഗക്കാർക്ക് 20 ശതമാനവും ഗുണഭോക്തൃ വിഹിതമായി നിശ്ചയിച്ചിട്ടുണ്ട്. ബി.പി.എൽ. വിഭാഗക്കാർക്ക് ഗുണഭോക്തൃ വിഹിതം നൽകേണ്ടതില്ല.

താൽപര്യമുള്ളവർ ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ്, വയസ്സ് തെളിയിക്കുന്ന രേഖ, ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ് എന്നിവ സഹിതം നിർദ്ദിഷ്ഠ ഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ബന്ധപ്പെടാവുന്ന നമ്പറുകൾ : 0491 – 2832663, 2832324, 9188183296